Tuesday, October 13, 2009

peoples' cafe

പീപ്പിള്സ് കഫേ !!!


ഈ പേരില് ഒരു ഹോട്ടല് ചേന്ദമംഗല്ലൂരിലുമുണ്ടായിരുന്നു എന്നറിയുന്ന എത്ര പേരുണ്ട് ഇതു വായിക്കുന്നവരില്. അറുപതുകളില് നാടന് മക്കാനികള് ചായക്കൊപ്പം 'പുട്ടും പഴവും കൂട്ടിക്കുഴച്ച് വിറ്റകാലം.
ആ കാലത്താണ് പുത്തന് രുചിഭേദങ്ങളുമായി 'പീപ്പിള്സ് കഫേ' എന്ന പേരില് കെ.ടി.സി. അബ്ദുറഹീം മാസ്റര് ആരംഭിച്ചത്. പേരുപോലെ പുതിയ ഭക്ഷണ വിഭവങ്ങളായിരുന്നു അവിടെയുണ്ടായിരുന്നത്. നൂല്പുട്ടായിരുന്നു പ്രധാന വിഭവം. പുട്ടില് നിന്ന് നൂല്പുട്ടിലേക്ക് മാറിയപ്പോള് ചേന്ദമംഗല്ലൂര്ക്കാര്ക്ക് സംഗതി പിടിച്ചില്ല. അവരെന്തോ മീന്പിടിക്കാനുളള 'ഇര' മാതിരിയുണ്ടെന്ന് പറഞ്ഞ് നൂല്പുട്ടിനെ കൈയ്യൊഴിഞ്ഞു. കൈയ്യൊഴിവ് പോലെ അവരുടെ കീശയും ഒഴിവായിരുന്നു.

റഹീം മാസ്റര് പുതിയ നമ്പര് ഇറക്കി 'ബിരിയാണി' ഇവിടെ കിട്ടും. ബിരിയാണി നല്ല രസമാണെന്ന് തിന്നവരോ അല്ലെങ്കില് അളിയന് തിന്നിട്ട് രസമുണ്ടെന്ന് പറഞ്ഞത് കേട്ടറിവോ ഉളള നാട്ടുകാരില് പലര്ക്കും കൊതിയായി. അന്ന് നല്ല ജനപ്രവാഹമായിരുന്നു 'പീപ്പിള്സ് കഫേയിലേക്ക്' കച്ചവടം പൊടിപൊടിച്ചു. എല്ലാവരും ബിരിയാണി കഴിച്ചു ഏമ്പക്കവും വിട്ട് 'കാശ് പിന്നെ തെരാട്ടോ' എന്നു പറഞ്ഞ് ഇറങ്ങി.
ദിവസങ്ങള് കഴിഞ്ഞിട്ടും 'തെര' പൊട്ടാത്തതിനാല് റഹീം മാസ്റര് പറ്റു പുസ്തകം കക്ഷത്തിലാക്കി ഹോട്ടലും പൂട്ടി പോയി. അറുപതുകളില് 'മക്കാനി'യെന്ന് മാത്രം വിളിച്ചുപോരുന്ന ഹോട്ടലിന് ഇംഗ്ളീഷ് പേരും പുതിയ രുചികളും സംഭാവന ചെയ്ത ഹോട്ടല് പൂട്ടാന് എന്തായിരിക്കും കാരണം?. ഉത്തരം ലളിതം നാട്ടുകാര് അവരനുഭവിച്ചു പോന്ന രുചികളില് നിന്നും ഒരുപാട് അന്തരം അതിനുണ്ടായിരുന്നു. നടാടെയാണ് അവര് നൂല്പുട്ട് കഴിച്ചിരുന്നത്. അവര്ക്ക് ദഹിച്ചിട്ടില്ല എന്നുപറയാന് പറ്റില്ല. എന്തു തിന്നാലും ദഹിക്കും; അത്രക്ക് ദാരിദ്യ്രമുണ്ടായിരുന്നു അന്ന് നാട്ടില്.
ഏത് ഹോട്ടലും വിജയിക്കണമെങ്കില് പൈസ കൊടുത്ത് ഭക്ഷിക്കാന് ആളുവേണം. ഭക്ഷണം മുന്തിയതാവുമ്പോള് പൈസയും കൂടുമല്ലോ. ഇന്നതല്ലല്ലോ സ്ഥിതി; ഗള്ഫ് ജീവിതവും പണവും പുതിയ വിഭവങ്ങളെ സ്വീകരിക്കാന് നാട്ടുകാരെ പ്രേരിപ്പിച്ചു. ചൈനീസ് - കോണ്ണ്ടിനെന്റല് വിഭവങ്ങളും, ഖുബ്ബൂസും, ഷവായയും, ഷവര്മയും, നരകത്തിലെ കോഴിയും, തന്തൂരിയും അവര്ക്ക് പഥ്യം. സമീപ പ്രദേശത്തോ ടൌണിലോ പുതിയ റസ്റോറന്റുകളും ഹോട്ടലുകളും തുറന്നാല് ചേന്ദമംഗല്ലൂരിലെ യുവാക്കള് അവിടെയെത്തി ഭക്ഷണം കഴിക്കും. കുഴപ്പമില്ല അല്ലെങ്കില് പോര എന്നിങ്ങനെ മാര്ക്കിടും. 'കുഴപ്പമില്ല' എന്ന മാര്ക്ക് ലഭിച്ച ഹോട്ടലുകള് നിലനില്ക്കുന്നു. 'പോര' എന്ന മാര്ക്ക് കിട്ടിയാല് പിന്നെ എത്ര എസ്.എം.സ് ലഭിച്ചിട്ടും കാര്യമില്ല ആ ഹോട്ടല് പൂട്ടുമെന്നത് സമീപകാല അനുഭവങ്ങള് സാക്ഷി.
കാരണം ചേന്ദമംഗല്ലൂര്ക്കാരുടെ മാര്ക്കിന് റിയാലിറ്റിഷോയിലെ 'സംഗതി ശരതിന്റെ' മാര്ക്കിന്റെ വിലയാണ്.


No comments:

Post a Comment

ഏതായാലും വന്നു.ഒരു 'ഇഷ്ടിക'യിട്ടിട്ടു പോകൂ...