Monday, September 13, 2010

സംഭവകഥ

മിനിപഞ്ചാബ് പി.ഒ 

"കണ്ടാല്‍ പിന്നെന്താ എടുത്താല്‍?''
"അതെ, കണ്ടീണേല്‍ എട്ക്കാണ്ടിരിക്കാന്‍ ഊര വളയാണ്ടിരിക്കുമൊന്നുമില്ലല്ലോ? ഹല്ല, പിന്നെ''
"നിങ്ങള് രണ്ട്പേരും പറഞ്ഞൊതൊക്കെ ശരിന്ന്യാ. പക്ഷേ, ഇന്ന് തന്നെ അവിടെ കുഴിക്കണം ഇല്ലെങ്കില്‍ 'സംഗതി' മൂപ്പരുടെ ആള്‍ക്കാര് കൊണ്ട് പോകും! ല്ലെടോ?''
"അതെയെതെ''
പൊതുവെ മൌനിയായ നാലമനും ആ അഭിപ്രായത്തെ ശരിവെച്ചു. സ്ഥലത്തെ പ്രധാന ദിവ്യന്മാര്‍ നാലുപേരും പ്രദേശത്തെ വലിയ'ദിവ്യനെ' കണ്ട് മടങ്ങുകയാണ്. മിനിപഞ്ചാബെന്ന -നോര്‍ത്ത് ചേന്ദമംഗല്ലൂരിലെ- കിഴക്ക് ഭാഗം (മിനിപഞ്ചാബിന്റെ സ്ഥലനാമപുരാണം പിന്നീടൊരിക്കലാവാം) കോളജ് കുന്നെന്ന് പറയപ്പെടുന്ന ഇസ്ലാഹിയയുടെ സ്ഥലത്തിന്റെയും ചോലയെന്നറയിപ്പെടുന്ന മുക്കം ഓര്‍ഫനേജിന്റെ സ്ഥലത്തിന്റെയും മേല്‍നോട്ടം മുത്താപ്പുമ്മല്‍ ഉമ്മര്‍കുട്ടികാക്കായിരുന്നു. കുറുക്കന്‍, വെരുക്, മുയല്‍, ഉടുമ്പ്, പാമ്പുകള്‍ തുടങ്ങിയ ജീവികളുടെ വിഹാര കേന്ദ്രമായിരുന്നു ഈ കുന്ന്. അതുകൊണ്ട് തന്നെ ഒറ്റക്ക് ജോലിചെയ്യാന്‍ നാട്ടിലെ ഒട്ടുമിക്ക കൂലിവേലക്കാര്‍ക്കും പേടിയായിരുന്നു. ഇടക്ക് ഒരാള്‍ ചോലയിലെ മാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ചത് പേടി ഇരട്ടിക്കാന്‍ കാരണമായി. നമ്മുടെ കഥാപാത്രങ്ങളില്‍ രണ്ടു ദിവ്യന്മാര്‍ തേങ്ങവലിക്കാനായി കുന്നിന്‍ പുറത്തെത്തിയതാണ്. അവിടെയുളള വലിയ ഈന്തുമരത്തെ നോക്കി ഒന്നാമന്‍:
"ടോ, ഈ ഈന്തിന്റെ ചോട്ടില് നിധിണ്ട്''
"നിധിയോ? കുളൂസ് ബിടല്ലേ'' കളിയാക്കികൊണ്ട് രണ്ടാമന്‍.
ഒന്നാമന്‍ വിട്ടില്ല.
"ജ്ജ് ഏതെങ്കിലും ഈന്തിന് 'മൊട'യുളളതായി കണ്ടിട്ടുണ്ടോ?''
"ഇല്ല''
"അതാ പറഞ്ഞ്യേ, ഇതിന്റെ ചോട്ടില് നിധി ണ്ടെന്ന്.''
രണ്ടാമന് ആവേശമായി, മൊടയുളള ഈന്തിന് ചുവട്ടില്‍ നിധിയുണ്ടാവുമെന്ന തന്റെ അറിവില്ലായ്മ മറച്ചുവെക്കാന്‍ ശ്രമിച്ചുകൊണ്ട് അവന്‍ ചോദിച്ചു
"ഞ്ഞീപ്പോ ന്താ ചെയ്യാ? ജ്ജ് പറ''
തന്നെ അംഗീകരിച്ചതിലെ അഹങ്കാരം ഒന്നാമന്‍ മറച്ചുവെച്ചില്ല ശിരസ്സുയര്‍ത്തി അവന്‍ പറഞ്ഞു
"കുയിച്ചെടുക്കണം.''
പണികഴിഞ്ഞ് കുന്നിറങ്ങുമ്പാള്‍ ഇരുവരുടെയും ഉളളം നിറയെ നിധിയായിരുന്നു.
"അല്ല, ഞമ്മള് പ്പോ എങ്ങനെയാ കുഴിക്കാ, ഞമ്മളോട് ഒറ്റക്ക് കൂട്ട്യാകൂടോ''
"ഇല്ല ഞമ്മക്ക് '................' നെയൂം കൂട്ടാം'' ഒന്നാമന്‍ തന്റെ ചങ്ങാതിയുടെ പേര് പറഞ്ഞു. "ചോലന്റെ അടുത്താണല്ലോ ഓന്റെ പൊര, ന്താ?''
"ശരി, പിന്നെ '................' നെയും കൂട്ടണം അവന്റെയടുത്ത് പിക്കാസും കൈക്കോട്ടും ഉണ്ട്'' തന്റെ ചങ്ങാതിക്കും നിധിയുടെ പങ്ക് കിട്ടിക്കോട്ടെയെന്ന് കരുതി രണ്ടാമന്‍ അവന്റെ കൂട്ടുകാരനെയും നിധിവേട്ടയില്‍ ഉള്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചു.
"ശരി, നാലാളെങ്കിലും ണ്ടെങ്കിലേ ആ ഈന്ത് തളളിയിടാന്‍ കഴിയൂ. വേറെ ആരോടും പറയണ്ടട്ടോ'' - ഒന്നാമന്റെ ശാസന.
വൈകുന്നേരം മിനിപഞ്ചാബിലെ പളളിക്കാളിപീടികയില്‍ വെച്ച് പതിവു സൊറപറച്ചിലില്‍ പങ്കെടുക്കാതെ ബീഡിയും വലിച്ചൂതി അവര്‍ രണ്ട്പേരും ചേന്ദമംഗല്ലൂര്‍ അങ്ങാടിയിലേക്ക് പോയി. പതിവുപോലെ കുറച്ചുനേരം അങ്ങാടിയില്‍ ചുറ്റിപറ്റിനിന്നു. (അതങ്ങനെയാണ് പിറ്റേദിവസത്തെ, പണി ഉറപ്പുവരുത്താന്‍ അങ്ങാടിയില്‍ വൈകുന്നരം എല്ലാ കൂലിപ്പണിക്കാരും എത്തും.) അധികം ആരോടും സംസാരിക്കാതിരിക്കാന്‍, നിര്‍ത്താതെ ബീഡിവലിച്ച രണ്ടുപേരും 'രഹസ്യം' അബദ്ധത്തില്‍പോലും പറയാതിരിക്കാന്‍ അതീവ ശ്രദ്ധക്കാട്ടി. സാധരണ അങ്ങാടി 'പൂട്ടി' വരാറുളള ഇരുവരും നേരത്തെ വീട്ടിലേക്ക് വെച്ചുപിടിച്ചപ്പോള്‍ കൂട്ടുകാരില്‍ ചിലര്‍ക്ക് പന്തികേട് തോന്നാതിരുന്നില്ല, പക്ഷേ, അവരത് കാര്യമാക്കിയില്ല.
പിറ്റേന്ന് രാവിലെ 6 മണി. പളളിക്കാളി പീടികയില്‍ ബഹളം തുടങ്ങിക്കഴിഞ്ഞു. ഇന്നലെ മുറിച്ച മരത്തിന്റെ കാതലിന്റെ പോരിശയും, ക്യൂബിക് കണക്കും മറ്റുമായി ചേക്കുമുഹമ്മദ് കാക്കയും രായിമുകാക്കയും ചൂടന്‍ ചായ കുടിച്ച് ബഡായി പറയുമ്പോള്‍, ഇന്നലെ വലിച്ച ബീഡിയുടെ ആലസ്യത്തില്‍ കഥാനായകന്മാര്‍ തങ്ങളുടെ ചങ്ങാതിമാരെ കാത്തിരിപ്പാണ്. അവരെ രണ്ടുപേരും പണിക്ക് പോകും മുമ്പ് നിധിയുടെ കാര്യം രഹസ്യമായി പറയാന്‍ വേണ്ടി. കൈക്കോട്ടും തോളിലേറ്റി ..............ഉം ................ഉം (ഇവരെ സൌകര്യത്തിനുവേണ്ടി മൂന്നാമനെന്നും നാലാമെനെന്നും വിളിക്കാം) പളളിക്കാളി പീടികയിലെത്തി.
"ഹസ്സന്‍കോയാക്കേ രണ്ട് ചായ; ഒന്ന് മധുരം കൂട്ടി''
പീടികയിലെത്തിയ ഇരുവരെയും ചങ്ങാതിന്മാര്‍ നിധിയെപറ്റി സ്വകാര്യമായി സൂചന നല്‍കി. അത് കേട്ടപാടെ പണിക്ക് പോകാനിറങ്ങിയ രണ്ടുപേരും മിന്നല്‍ പണിമുടക്ക് നടത്തി. ഇന്നത്തെ പണി ക്യാന്‍സല്‍!! പീടകയില്‍ നിന്ന് ഓരോരുത്തരായി വന്ന് ചായകുടിച്ച് ജോലിക്ക് പുറപ്പെടുന്നു ദിവ്യന്മാര്‍ നാലുപേര്‍ മാത്രം ബാക്കി. ഹസ്സന്‍കോയാക്ക തന്റെ ആടിനെ അഴിച്ചുകെട്ടാന്‍ പീടകയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ നാലുപേരും കൂടി പദ്ധതികള്‍ ആസൂത്രണം ചെയ്തു. നിധി രാത്രി കുഴിച്ചെടുക്കാമെന്ന് തീരുമാനിച്ചു.പണിയായുധങ്ങളും അവിലും ചായപ്പൊടിയും പഴവും മറ്റും ചോലയുടെ സമീപത്ത് താമസിക്കുന്ന മൂന്നാമന്റെ വീട്ടില്‍ എത്തിച്ചു. വീട്ടില്‍ വെച്ച നടന്ന ചര്‍ച്ചയില്‍ ആശയും ആശങ്കയും നാലുപേരും പങ്കുവെച്ചു.
"ഹല്ല, നിധിണ്ടോന്ന് ഉറപ്പാക്കാന്‍ ഞമ്മക്ക് കളളന്‍തോട്ടിലെ 'പന്തുകളിത്തങ്ങളെ' ഒന്ന് കണ്ടാലോ, മൂപ്പരോട് ചോയിച്ച് ഉറപ്പാക്കീട്ട് പോരെ, മാന്തല്''- വീട്ടുകാരന്റെ അഭിപ്രായം.
മൂന്നാമന്റെ നിര്‍ദേശം തളളാന്‍ മൂന്നു കമ്മ്യൂണിസ്റുകള്‍ക്കും കഴിഞ്ഞില്ല. അന്ധവിശ്വാസം യുക്തിവാദികളെയാണല്ലോ ആദ്യം കീഴടക്കുന്നത്. പ്രദേശത്തെ എല്ലാ ഫുട്ബാള്‍ മേളകള്‍ക്കും സംഭാവന നല്‍കിയിരുന്ന തങ്ങള്‍, 'പന്തുകളി തങ്ങള്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. തന്റെ ദിവ്യത്തരവും പ്രശസ്തിയും പ്രചരിപ്പിക്കാനുളള തങ്ങളുടെ അടവായിരുന്നു അത്. നാലുപേരും കളളന്‍തോട്ടെത്തി തങ്ങളെ കണ്ടു വിഷയം അവതരിപ്പിച്ചു. സംഗതി കേട്ടപാടെ തങ്ങള്‍ക്ക് ആവേശമായി വെറ്റിലയും കുറച്ച് അറബി മന്ത്രങ്ങളും കൂട്ടി മുറുക്കിത്തുപ്പി തങ്ങള്‍ പ്രസ്താവിച്ചു.
"നിധി ഈന്തിന്റെ ചോട്ടിലുണ്ട്. ങ്ള് അത് കാണും; പക്ഷേ ങ്ങള്‍ക്കത് എടുക്കാന്‍ കയിയൂല''

തങ്ങള്‍ക്ക് 10 രൂപ (അന്നത് വലിയ സംഖ്യയാണിത്) നല്‍കി നാലുപേരും മടങ്ങും വഴിയുളള സംഭാഷമാണ് ഇതുടക്കത്തില്‍ വായിച്ചത്. ഏതായാലും രാത്രിതന്നെ നിധിവേട്ടക്കിറങ്ങാന്‍ തീരുമാനിച്ചുറച്ച് അവര്‍ പിരിയാതെ പിരിഞ്ഞു. മിനിപഞ്ചാബിനെ നേരത്തെ ഉറക്കികിടത്തി പണിയായുധങ്ങളും അവിലും പഴവും കട്ടന്‍ചായുമായി അവര്‍ ചോല കുന്ന് കയറി. ആവേശം കൊണ്ടാവണം വളരെപെട്ടെന്ന് തന്നെ അവര്‍ ലക്ഷ്യസ്ഥാനത്തെത്തി.

ഈന്തിനുചുറ്റുമുളള പൊന്തക്കാടുകള്‍ വെട്ടിമാറ്റി പന്തുകളി തങ്ങളെ മനസ്സില്‍ ധ്യാനിച്ച് അവര്‍ പിക്കാസ് ഭൂമിയില്‍ പതിപ്പിച്ചു. വളരെ പെട്ടെന്ന് തന്നെ കുഴിയെടുത്തു. ഈന്തിനെ നാലുപേരും എളുപ്പത്തില്‍ മറിച്ചിട്ടു. വീണ്ടും കുഴിച്ചു. . കുഴിയോട് കുഴി. ക്ഷീണമറിയാതെ അവര്‍ കുഴിച്ചത,് ഇന്നത്തെത് അവസാത്തെ പണിയാണ് ഇനി പണിയില്ല, ഇനി പളളിക്കാളി പീടികയിലും അങ്ങാടിയിലും ഒന്ന് വിലസാം. ഇന്നത്തെ കുഴിക്കലോടു കൂടി ഞങ്ങളുടെ ദാരിദ്ര്യത്തെ മണ്ണിട്ടുമൂടാം എന്ന വിചാരമാണ് അവരെ അത്യധ്വാനം ചെയ്യിപ്പിച്ചത്. രണ്ട് കോലിലധികം താഴ്ചയായപ്പോള്‍ അല്‍പം നിരാശബാധിച്ചു നിധിയുടെ യാതൊരു സൂചനയുമില്ല, നിരാശ ക്ഷീണത്തിലേക്ക് വഴിമാറി, കട്ടന്‍ ചായയും അവിലും പഴവും തിന്നുന്നതിനിടയില്‍ അവര്‍ നിധി കാണാന്‍ സാധ്യതയില്ലായെന്ന അഭിപ്രായത്തെ കീറിമുറിച്ചുകൊണ്ട് മൂന്നാമന്റെ കമന്റ്: "നിധിണ്ട്, ന്റെ പിക്കാസ് തട്ടുന്ന ഒച്ചങ്ങ്ള് ആരും കേട്ടില്ലേ?''

അത് കേട്ടപ്പോള്‍ ക്ഷീണം മറക്കുന്നു. കുഴിക്കലും മണ്ണ് മാന്തലും തകൃതി. വേറൊരാള്‍ ടോര്‍ച്ചടിച്ച് നാലുപാടും പരതി. 'ശരിക്ക് നോക്കടാ' എന്ന കൂട്ടുകാരുടെ കമന്റും ടോര്‍ച്ച് പിടിച്ചുവാങ്ങലും 'നി ജ്ജ് കുയി, ഞാന്‍ നോക്കാ' തുടങ്ങിയ ചെറിയ തര്‍ക്കങ്ങള്‍ ഇടക്കിടെ നടക്കുന്നുണ്ടായിരുന്നു. താന്‍ തന്നെ നിധി ആദ്യം കാണണം എന്ന് ഓരോരുത്തരും അതിയായി ആഗ്രഹിച്ചിരുന്നു.

പക്ഷേ, നാലു മീറ്ററിലധികം കുഴിച്ചിട്ടും, ടോര്‍ച്ചിന്റെയും ചൂട്ടിന്റെയും വെളിച്ചത്തില്‍ പരതിയിട്ടും നിരാശമാത്രം ബാക്കി. നേരം വെളുക്കാനായി. അവസാനത്തെ 'പരക്കെത്തെരച്ചിലി'ലും നിധി കണ്ടെടുക്കാനായില്ല. പണി മതിയാക്കി നാലുപേരും വിഷണ്ണരായി കുന്നിറങ്ങി.

രാവിലെ റബ്ബറുവെട്ടുകാരനാണ് ആ കുഴികണ്ടത്. റബ്ബര്‍വെട്ട് പെട്ടെന്ന് പൂര്‍ത്തിയാക്കി അയാള്‍ പളളിക്കാളി പീടികയില്‍ വന്നു പറഞ്ഞു. "ചോലേല് ആരോ നിധി കുഴിച്ചെടുത്തു പോയിട്ടുണ്ട്!!''.
കേട്ടവരും കേള്‍ക്കാത്തവരും ചോലയിലേക്ക് ഓടി.
"റബ്ബര്‍വെട്ടുകാരന്‍ പറഞ്ഞത് സത്യം തന്നെ, ആരായാരിക്കും ആ ഭാഗ്യവാന്‍?''.
"അതെ, ഞമ്മളൊക്കെ വ്ടെണ്ടായിട്ടും യേത് .......ന്റെ മോനാ അത് മാന്തി കൊണ്ട് പോയത്?''
ചര്‍ച്ച തുടരുകയാണ്. പളളിക്കാളി പീടികയില്‍ വന്നിരുന്ന് ഓരോരുത്തരും അന്നത്തെ പുട്ടിനെ സ്നേഹപൂര്‍വ്വം തിരസ്കരിച്ച് ചായക്കൊപ്പം കടിയായി നിധിയെ തെരഞ്ഞെടുത്തു. തങ്ങള്‍ക്ക് പറ്റിയ അബദ്ധം അറിയിക്കാതെ, മുഖത്തെ ജാള്യം മറച്ചുപിടിച്ച് നാലു ദിവ്യന്മാരും ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കുന്നു. ചിലര്‍ ആ 'ഭാഗ്യവാനെ'പറ്റി പറയുമ്പോള്‍ നാലുപേരും മുഖത്തോട് മുഖം നോക്കും അപ്പോള്‍ മനസ്സില്‍ സംശയത്തിന്റെ വിത്ത് മുളക്കും.
ഇനി 'പന്തുകളിത്തങ്ങള്‍' എങ്ങാനും എടുത്തുകൊണ്ട് പോയോ ആ നിധി?
(ഇത് www.cmronweb.com പ്രസിദ്ധീകരിച്ചത്- http://www.cmronweb.com/pages/Articles/mahir_treasure.php)

7 comments:

  1. മാഹിര്‍ ,താങ്കള്ക്കിങ്ങനെയും ഒരു കഴിവുള്ളത് അറിഞ്ഞില്ല.
    എന്തായാലും ഭാവി ഉണ്ട് .എനിക്കിഷ്ട്ടപ്പെട്ടു.
    പിന്നെ... അന്ധവിശ്വാസം യുക്തിവാദികളെയാണല്ലോ ആദ്യം കീഴടക്കുന്നത്.!!!!
    ഇത് അങ്ങട് പിടി കിട്ടിയില്ല.
    പളളിക്കാളി പീടികയില്‍ വന്നിരുന്ന് ഓരോരുത്തരും അന്നത്തെ പുട്ടിനെ സ്നേഹപൂര്‍വ്വം തിരസ്കരിച്ച് ചായക്കൊപ്പം കടിയായി നിധിയെ തെരഞ്ഞെടുത്തു. ഈ പ്രയോഗം അസ്സലായി.

    ReplyDelete
  2. തങ്ങളെ അടുത്ത്‌ ഒന്നു കൂടി പോവാമായിരുന്നു...
    :)

    ReplyDelete
  3. തങ്ങളെ അടുത്ത്‌ ഒന്നു കൂടി പോവാമായിരുന്നു...
    :)

    ReplyDelete
  4. തങ്ങളെ അടുത്ത്‌ ഒന്നു കൂടി പോവാമായിരുന്നു...
    :)

    ReplyDelete
  5. ഈ ചേന്നമംഗല്ലൂര്‍ നിധികഥക്ക് ചെറുവാടിക്കാരന്റെ ആശംസകള്

    ReplyDelete
  6. ബച്ചന്‍ മോ­ശ­മാ­ണെന്നോ മ­മ്മൂ­ട്ടി കേ­മ­നാ­ണെന്നോ പ­റ­യാ­നല്ല ച­ങ്ങാ­തീ ഞാ­നെന്‍െ­റ ബേഌഗില്‍ എ­ഴു­തി­യത്. ഇ­ത്ത­വണ­ത്തെ അ­വാര്‍­ഡി­ന് പി­ന്നി­ലെ ക­ളിക­ളെ കു­റി­ച്ച് പ­റ­യാ­നാണ്. ബാല്‍­കി­യാ­ണ് പാാാ സം­വി­ധാ­നം ചെ­യ്­തത്. ജൂ­റി ചെ­യര്‍­മാനും ബാല്‍­കിയും ത­മ്മിലു­ള്ള ബ­ന്ധം അ­റി­യ­ണ­മെങ്കില്‍ വി­കി­പീ­ഡി­യ­യില്‍ ബാല്‍­കി എ­ന്ന് ടൈ­പ് ചെ­യ്­തു നോക്കൂ

    ReplyDelete
  7. കൊള്ളാം..ഭാവിയില്‍ തന്റെതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ പറ്റിയ തരത്തില്‍ നല്ല ഒരു ആഖ്യാന ശൈലി കാണുന്നുണ്ട്..കീപ്‌ ഇറ്റ്‌ അപ്പ്‌.

    ReplyDelete

ഏതായാലും വന്നു.ഒരു 'ഇഷ്ടിക'യിട്ടിട്ടു പോകൂ...