Tuesday, November 23, 2010

ഊരാക്കുടുക്ക്‌..

പിറകോട്ടു പോകുന്നവര്‍ ജയിക്കുന്ന ഏക മത്സര ഇനമാണ് കമ്പവലി. മത്സരിക്കുന്നവര്‍ തോല്‍വി ആഗ്രഹിച്ചു പോകുന്ന മത്സരം ഈ ദുനിയാവില്‍ ഉണ്ടെന്നു എനിക്ക് മനസ്സിലായിട്ടു കുറച്ചു നാളായി. വടം വലി അഥവാ കമ്പവലി മത്സരം കാണുമ്പോഴുള്ള ആവേശം പോലെയല്ല വലിച്ചു കഴിയുമ്പോല്‍ ഉള്ളത്. വടംവലി ഇങ്ങനെ പുലിവാലാകുമെന്ന് ഞാന്‍ കരുതിയില്ല. കൂട്ടിയാല്‍ കൂടുന്ന പണി ചെയ്‌താല്‍ പോരെ എന്ന് ഫേസ്ബുക്കില്‍ മുത്താപ്പു കമെന്റിയപ്പോള്‍ ഈ ഒടുക്കത്തെ വേദന അടുത്തൊന്നും വിട്ടുമാറില്ലെന്ന് എനിക്കുറപ്പായി. നിനക്ക് ദിനേശ് ബീഡി വലിച്ചാല്‍ പോരെന്നു ചില ഹമുക്കുകള്‍... എന്നാല്‍ അവര്‍ക്ക് മലബെരോ, രോത്മാന്‍സ്, at-least സിസോര്‍ ഫില്‍റ്റര്‍ എങ്കിലും വലിചൂടെ... എന്നൊക്കെ ചോദിക്കാമായിരുന്നു. ദിനേശ് ബീഡി സഖാക്കള്‍ വരെ ഒഴിവാക്കി. എടാ മോനേ ദിനേശാ എന്റെ മാവും പൂക്കും. 

സംഭവം ഇതാണ്.

വായാടിയും ചെലചെല ചെലക്കുന്നവനുമായ എന്നെ നാട്ടുകാരും വീട്ടുകാരും ഖത്തറിലേക്ക് എത്തിച്ചിട്ട് മാസം ആറായി. ഇവിടെ ചെല ചെലക്കാന്‍ ഒന്നുകില്‍ അറബി അറിയണം അല്ലെങ്കില്‍ ആംഗലേയം അറിയണം. അത് രണ്ടും എനിക്ക് വശമില്ലാത്തത് കൊണ്ട് ചെലക്കല്‍ ഇപ്പോള്‍ സോഷ്യല്‍ നെറ്റ്വോര്കിലൂടെ ആക്കി. എന്തായാലും ഇവിടെ വന്നതിനു ശേഷം മഹത്തായ രണ്ടു പെരുന്നാളുകള്‍ കഴിഞ്ഞു. ഓരോ പെരുന്നാളിനും നാട്ടുകാരുടെ കൂട്ടായ്മ ഇവിടെ കൂടാറുണ്ട്. ഇത്തവണത്തെ ബലിപെരുന്നാള്‍ിനു നാട്ടുകാരുടെ ഈദ്‌ സംഗമം (18.11.2010) ഖത്തറിലെ വക്ര എന്നാ സ്ഥലത്തെ പാര്‍ക്കില്‍ വെച്ചായിരുന്നു. കുട്ടികളുടെ കലാപരിപാടികളും സ്ത്രീകളുടെ കലാപ പരിപാടികളും കഴിഞ്ഞു. ഉച്ചഭക്ഷണത്തിനു ശേഷം, (ഇവരുടെ തീറ്റ കണ്ടാല്‍ ഭക്ഷണം കഴിക്കല്‍ ഒരു മത്സര ഇനമല്ല, എന്ന് ആരും പറയില്ല! ഏതായാലും മത്സരമാക്കിയാലോ എന്ന് കരുതി ഞാനും വിട്ടു കൊടുത്തില്ല ട്ടോ...) നാട്ടിലെ അതതു ഭാഗങ്ങളില്‍ ഉള്ളവര്‍ ചേര്‍ന്ന് വടംവലി ടീം ഉണ്ടാക്കി. മിനിപഞ്ചാബ്‌ എന്നാ പ്രദേശത്തെ മസിലുള്ള പലരും നാട്ടിലും ജോലിത്തിരക്കിലും ആയതിനാലും, കൂടുതല്‍ ആവേശവും ലേശം മസിലും മാത്രമുള്ള എന്നെയും ചേര്‍ത്ത് പഞ്ചാബ്‌ ടീം എണ്ണം തികച്ചു. ദോഷം പറയരുതല്ലോ.. ഖത്തറില്‍ എത്തിയിട്ട് മാസങ്ങളായിട്ടെങ്കിലും ഉപ്പിലിട്ട നെല്ലിക്കപോലെ ഞാനും ഒരു ഗള്‍ഫുകാരനായിട്ടുണ്ടായിരുന്നു. ആ തടിമിടുക്ക് കണ്ടിട്ടാവണം എന്നെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഏതായാലും ഒപ്ടികല്‍ മൗസ് പിടിക്കുന്ന ലാഘവത്തോടെ ഞാന്‍ വടം പിടിച്ചു. പിറകില്‍ നില്‍ക്കുന്ന അമരക്കാരന്‍ ഞാനയതോണ്ട്, വലിയ മല്ലന്മാരോക്കെ ചെയ്യുന്നത് കണ്ടു പരിചയം മാത്രമുള്ള ഞാനും മേലാകെ കയര്‍ ചുറ്റി,


ഊരാക്കുടുക്ക്‌..

തഴക്കം വന്ന വടം വലിക്കാരനെപ്പോലെ നിന്ന് റഫറിയുടെ വിസില്‍ വിളിക്കായി കാത്തു നിന്നു. ഇടക്ക് ക്യാമറകള്‍ മിന്നുണ്ടായിരുന്നു. ഡിജിറ്റല്‍ ക്യാമറകള്‍ക്ക് ഫിലിം വേണ്ടാഞ്ഞിട്ടും എന്നെ ഒപ്പിയെടുക്കുന്നതില്‍ 'ക്യാമറ മേനോന്മാര്‍' പിശുക്ക് കാണിച്ചു !! ചെന്നമാങ്ങല്ലുര്‍ ഗ്രാമത്തിന്റെ നാല് ഭാഗങ്ങള്‍ തമ്മിലായിരുന്നു മത്സരം. എല്ലാവര്ക്കും ആവേശം. കമ്പ ടൈറ്റു എന്ന് റഫറി വിളിച്ചു പറഞപ്പോഴേക്കും എന്റെ കാലിനു ഉള്ളിലൂടെ  എന്തോ ഒന്ന് പായുന്നത് പോലെ.. തോന്നി. ശകലം വേദനയും. കമ്പവലി തുടങ്ങി, വേദന കത്തികയറി. ഞാന്‍ പിടിവിട്ടു. പക്ഷെ കയര്‍ മേലാകെ ചോറിഞ്ഞിട്ടതിനാല്‍ എനിക്ക് ഊരാന്‍ കഴിഞ്ഞില്ല. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഊരാക്കുടുക്ക്‌. ഞാന്‍ നിലത്തു വീണു. ധിം തരികിടധോം..

അടിതെറ്റിയാല്‍... 

നാട്ടുകാരായ സ്ത്രീകളും കുട്ടികളും പാര്കിലുള്ള മറ്റു പലരും മത്സരം വീക്ഷിക്കുന്നതിനാല്‍ ഞാന്‍ കരഞ്ഞില്ല, ആര്‍ത്തു വിളിച്ചതുമില്ല. വേദനകൊണ്ട് പുളഞ്ഞു. പുളയാതിരിക്കണം എന്ന്ടായിരുന്നു പക്ഷെ, കഴിഞ്ഞില്ല. ഉച്ച കഴിഞ്ഞതെ ഉള്ളു..... എന്നിട്ടും ആകാശത്തിലെ മുഴുവന്‍ നക്ഷത്രവും ഞാന്‍ എണ്ണി. എന്റെ പിടച്ചിലകണ്ടിട്ട് ഒരുത്തനും തിരിഞ്ഞു നോക്കിയില്ല. അവര്‍ ആ വീഴ്ച ആസ്വദിക്കുകയാണ്. ചിലര്‍ ചിരിക്കുന്നു. ഒരുവന്‍ വീഴുന്നത് കണ്ടിട്ട് ചിരിക്കത്തവന്‍ മനുഷ്യനല്ല നീ മഹദ് വചനം എനിക്ക് ഓര്മ വന്നു. അതുവരെ എന്റെ ഫോട്ടോ എടുക്കാന്‍ മടിച്ച എല്ലാ ക്യാമറ മേനോന്മാരും ഫോട്ടോ എടുക്കുന്നു. (അവരെ പിന്നെ കണ്ടോളാം. ദുസ്ടന്മാര്‍ ... കസ്മലന്മാര്‍...*/=@##<>**#$)

നക്ഷത്രങ്ങള്‍ എണ്ണുന്ന അപൂര്‍വ നിമിഷം..

സംഗതി സീരിയസ് ആണെന്ന് കണ്ടു ഇടയ്ക്കിടയ്ക്ക് മസ്സില് പിടുത്തത്തിന്റെ വേദന അനുഭവിച്ച നാട്ടിലെയും ഖത്തറിലെയും മികച്ച കാല്‍പന്തു കളിക്കാരായ അബ്ദുരഹിമാന്‍, ജംഷിദ്, അനീസ് തുടങ്ങിയവര്‍ ചേര്‍ന്ന് എന്റെ കാല് പിടിച്ചു. (ഇവരോടൊക്കെ എന്റെ കാലു പിടിപ്പിക്കുക എന്നത് എന്റെ മോഹമായിരുന്നു. അമ്പട ഞാനേ!!).. തിരുമ്മിയും ഉഴിഞ്ഞും എന്റെ വേദനയെ ഇല്ലാതാക്കി. താങ്ക്സ് കളിക്കാരെ താങ്ക്സ്.. നിങ്ങള്‍ ഇല്ലയിരുന്നെങ്കില്‍.... ഹോ ആലോചിക്കണേ വയ്യ !! എന്നാലും എന്നെ തിരുമികൊണ്ടിരിക്കുമ്പോള്‍ ഒരു കള്ള തിരുമാലി പറഞ്ഞു. ''കീബോര്‍ഡില്‍ അമര്തുന്നപോലെയല്ല മോനെ.., മൌസ് പിടിക്കുന്നത്‌ പോലെയല്ല മോനെ.. വടം വലി മനസ്സിലായോ?''. അതായതു പൂവന്‍ പഴം ഇരിയുന്നപോലെ അല്ല എന്ന്.  എന്റെ റബ്ബേ, അവന്‍ തിരുമ്മി തരുന്നവനല്ലേ... ഞാന്‍ അങ്ങ് സഹിച്ചു. 

ഒടുവില്‍ വേദനയെല്ലാം മാറി ഒരു മരച്ചുവട്ടില്‍ ഇരിക്കുമ്പോള്‍. ഒരു പൈതല്‍ വന്നു എന്നോട് പറഞ്ഞു ഞാന്‍ ഒരു പാട്ട് പഠിച്ചിട്ടുണ്ട് കേള്‍ക്കണോ? "പിന്നേ പാട്ട് കേള്‍ക്കാന്‍ പറ്റിയ മൂഡ്‌. എന്നാലും ഞാന്‍ ആ കൊച്ചിനെ നിരാശപ്പെടുത്തിയില്ല അവന്‍ പാടി... ഒരു സൂപര്‍ ഹിറ്റ്‌ പാട്ട്..  

"ഇളിഭ്യനായി വിഷണനായി ഏകാന്തനായി ഞാന്‍ നിന്നു......" 
.
.
.
.