Tuesday, November 23, 2010

ഊരാക്കുടുക്ക്‌..

പിറകോട്ടു പോകുന്നവര്‍ ജയിക്കുന്ന ഏക മത്സര ഇനമാണ് കമ്പവലി. മത്സരിക്കുന്നവര്‍ തോല്‍വി ആഗ്രഹിച്ചു പോകുന്ന മത്സരം ഈ ദുനിയാവില്‍ ഉണ്ടെന്നു എനിക്ക് മനസ്സിലായിട്ടു കുറച്ചു നാളായി. വടം വലി അഥവാ കമ്പവലി മത്സരം കാണുമ്പോഴുള്ള ആവേശം പോലെയല്ല വലിച്ചു കഴിയുമ്പോല്‍ ഉള്ളത്. വടംവലി ഇങ്ങനെ പുലിവാലാകുമെന്ന് ഞാന്‍ കരുതിയില്ല. കൂട്ടിയാല്‍ കൂടുന്ന പണി ചെയ്‌താല്‍ പോരെ എന്ന് ഫേസ്ബുക്കില്‍ മുത്താപ്പു കമെന്റിയപ്പോള്‍ ഈ ഒടുക്കത്തെ വേദന അടുത്തൊന്നും വിട്ടുമാറില്ലെന്ന് എനിക്കുറപ്പായി. നിനക്ക് ദിനേശ് ബീഡി വലിച്ചാല്‍ പോരെന്നു ചില ഹമുക്കുകള്‍... എന്നാല്‍ അവര്‍ക്ക് മലബെരോ, രോത്മാന്‍സ്, at-least സിസോര്‍ ഫില്‍റ്റര്‍ എങ്കിലും വലിചൂടെ... എന്നൊക്കെ ചോദിക്കാമായിരുന്നു. ദിനേശ് ബീഡി സഖാക്കള്‍ വരെ ഒഴിവാക്കി. എടാ മോനേ ദിനേശാ എന്റെ മാവും പൂക്കും. 

സംഭവം ഇതാണ്.

വായാടിയും ചെലചെല ചെലക്കുന്നവനുമായ എന്നെ നാട്ടുകാരും വീട്ടുകാരും ഖത്തറിലേക്ക് എത്തിച്ചിട്ട് മാസം ആറായി. ഇവിടെ ചെല ചെലക്കാന്‍ ഒന്നുകില്‍ അറബി അറിയണം അല്ലെങ്കില്‍ ആംഗലേയം അറിയണം. അത് രണ്ടും എനിക്ക് വശമില്ലാത്തത് കൊണ്ട് ചെലക്കല്‍ ഇപ്പോള്‍ സോഷ്യല്‍ നെറ്റ്വോര്കിലൂടെ ആക്കി. എന്തായാലും ഇവിടെ വന്നതിനു ശേഷം മഹത്തായ രണ്ടു പെരുന്നാളുകള്‍ കഴിഞ്ഞു. ഓരോ പെരുന്നാളിനും നാട്ടുകാരുടെ കൂട്ടായ്മ ഇവിടെ കൂടാറുണ്ട്. ഇത്തവണത്തെ ബലിപെരുന്നാള്‍ിനു നാട്ടുകാരുടെ ഈദ്‌ സംഗമം (18.11.2010) ഖത്തറിലെ വക്ര എന്നാ സ്ഥലത്തെ പാര്‍ക്കില്‍ വെച്ചായിരുന്നു. കുട്ടികളുടെ കലാപരിപാടികളും സ്ത്രീകളുടെ കലാപ പരിപാടികളും കഴിഞ്ഞു. ഉച്ചഭക്ഷണത്തിനു ശേഷം, (ഇവരുടെ തീറ്റ കണ്ടാല്‍ ഭക്ഷണം കഴിക്കല്‍ ഒരു മത്സര ഇനമല്ല, എന്ന് ആരും പറയില്ല! ഏതായാലും മത്സരമാക്കിയാലോ എന്ന് കരുതി ഞാനും വിട്ടു കൊടുത്തില്ല ട്ടോ...) നാട്ടിലെ അതതു ഭാഗങ്ങളില്‍ ഉള്ളവര്‍ ചേര്‍ന്ന് വടംവലി ടീം ഉണ്ടാക്കി. മിനിപഞ്ചാബ്‌ എന്നാ പ്രദേശത്തെ മസിലുള്ള പലരും നാട്ടിലും ജോലിത്തിരക്കിലും ആയതിനാലും, കൂടുതല്‍ ആവേശവും ലേശം മസിലും മാത്രമുള്ള എന്നെയും ചേര്‍ത്ത് പഞ്ചാബ്‌ ടീം എണ്ണം തികച്ചു. ദോഷം പറയരുതല്ലോ.. ഖത്തറില്‍ എത്തിയിട്ട് മാസങ്ങളായിട്ടെങ്കിലും ഉപ്പിലിട്ട നെല്ലിക്കപോലെ ഞാനും ഒരു ഗള്‍ഫുകാരനായിട്ടുണ്ടായിരുന്നു. ആ തടിമിടുക്ക് കണ്ടിട്ടാവണം എന്നെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഏതായാലും ഒപ്ടികല്‍ മൗസ് പിടിക്കുന്ന ലാഘവത്തോടെ ഞാന്‍ വടം പിടിച്ചു. പിറകില്‍ നില്‍ക്കുന്ന അമരക്കാരന്‍ ഞാനയതോണ്ട്, വലിയ മല്ലന്മാരോക്കെ ചെയ്യുന്നത് കണ്ടു പരിചയം മാത്രമുള്ള ഞാനും മേലാകെ കയര്‍ ചുറ്റി,


ഊരാക്കുടുക്ക്‌..

തഴക്കം വന്ന വടം വലിക്കാരനെപ്പോലെ നിന്ന് റഫറിയുടെ വിസില്‍ വിളിക്കായി കാത്തു നിന്നു. ഇടക്ക് ക്യാമറകള്‍ മിന്നുണ്ടായിരുന്നു. ഡിജിറ്റല്‍ ക്യാമറകള്‍ക്ക് ഫിലിം വേണ്ടാഞ്ഞിട്ടും എന്നെ ഒപ്പിയെടുക്കുന്നതില്‍ 'ക്യാമറ മേനോന്മാര്‍' പിശുക്ക് കാണിച്ചു !! ചെന്നമാങ്ങല്ലുര്‍ ഗ്രാമത്തിന്റെ നാല് ഭാഗങ്ങള്‍ തമ്മിലായിരുന്നു മത്സരം. എല്ലാവര്ക്കും ആവേശം. കമ്പ ടൈറ്റു എന്ന് റഫറി വിളിച്ചു പറഞപ്പോഴേക്കും എന്റെ കാലിനു ഉള്ളിലൂടെ  എന്തോ ഒന്ന് പായുന്നത് പോലെ.. തോന്നി. ശകലം വേദനയും. കമ്പവലി തുടങ്ങി, വേദന കത്തികയറി. ഞാന്‍ പിടിവിട്ടു. പക്ഷെ കയര്‍ മേലാകെ ചോറിഞ്ഞിട്ടതിനാല്‍ എനിക്ക് ഊരാന്‍ കഴിഞ്ഞില്ല. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഊരാക്കുടുക്ക്‌. ഞാന്‍ നിലത്തു വീണു. ധിം തരികിടധോം..

അടിതെറ്റിയാല്‍... 

നാട്ടുകാരായ സ്ത്രീകളും കുട്ടികളും പാര്കിലുള്ള മറ്റു പലരും മത്സരം വീക്ഷിക്കുന്നതിനാല്‍ ഞാന്‍ കരഞ്ഞില്ല, ആര്‍ത്തു വിളിച്ചതുമില്ല. വേദനകൊണ്ട് പുളഞ്ഞു. പുളയാതിരിക്കണം എന്ന്ടായിരുന്നു പക്ഷെ, കഴിഞ്ഞില്ല. ഉച്ച കഴിഞ്ഞതെ ഉള്ളു..... എന്നിട്ടും ആകാശത്തിലെ മുഴുവന്‍ നക്ഷത്രവും ഞാന്‍ എണ്ണി. എന്റെ പിടച്ചിലകണ്ടിട്ട് ഒരുത്തനും തിരിഞ്ഞു നോക്കിയില്ല. അവര്‍ ആ വീഴ്ച ആസ്വദിക്കുകയാണ്. ചിലര്‍ ചിരിക്കുന്നു. ഒരുവന്‍ വീഴുന്നത് കണ്ടിട്ട് ചിരിക്കത്തവന്‍ മനുഷ്യനല്ല നീ മഹദ് വചനം എനിക്ക് ഓര്മ വന്നു. അതുവരെ എന്റെ ഫോട്ടോ എടുക്കാന്‍ മടിച്ച എല്ലാ ക്യാമറ മേനോന്മാരും ഫോട്ടോ എടുക്കുന്നു. (അവരെ പിന്നെ കണ്ടോളാം. ദുസ്ടന്മാര്‍ ... കസ്മലന്മാര്‍...*/=@##<>**#$)

നക്ഷത്രങ്ങള്‍ എണ്ണുന്ന അപൂര്‍വ നിമിഷം..

സംഗതി സീരിയസ് ആണെന്ന് കണ്ടു ഇടയ്ക്കിടയ്ക്ക് മസ്സില് പിടുത്തത്തിന്റെ വേദന അനുഭവിച്ച നാട്ടിലെയും ഖത്തറിലെയും മികച്ച കാല്‍പന്തു കളിക്കാരായ അബ്ദുരഹിമാന്‍, ജംഷിദ്, അനീസ് തുടങ്ങിയവര്‍ ചേര്‍ന്ന് എന്റെ കാല് പിടിച്ചു. (ഇവരോടൊക്കെ എന്റെ കാലു പിടിപ്പിക്കുക എന്നത് എന്റെ മോഹമായിരുന്നു. അമ്പട ഞാനേ!!).. തിരുമ്മിയും ഉഴിഞ്ഞും എന്റെ വേദനയെ ഇല്ലാതാക്കി. താങ്ക്സ് കളിക്കാരെ താങ്ക്സ്.. നിങ്ങള്‍ ഇല്ലയിരുന്നെങ്കില്‍.... ഹോ ആലോചിക്കണേ വയ്യ !! എന്നാലും എന്നെ തിരുമികൊണ്ടിരിക്കുമ്പോള്‍ ഒരു കള്ള തിരുമാലി പറഞ്ഞു. ''കീബോര്‍ഡില്‍ അമര്തുന്നപോലെയല്ല മോനെ.., മൌസ് പിടിക്കുന്നത്‌ പോലെയല്ല മോനെ.. വടം വലി മനസ്സിലായോ?''. അതായതു പൂവന്‍ പഴം ഇരിയുന്നപോലെ അല്ല എന്ന്.  എന്റെ റബ്ബേ, അവന്‍ തിരുമ്മി തരുന്നവനല്ലേ... ഞാന്‍ അങ്ങ് സഹിച്ചു. 

ഒടുവില്‍ വേദനയെല്ലാം മാറി ഒരു മരച്ചുവട്ടില്‍ ഇരിക്കുമ്പോള്‍. ഒരു പൈതല്‍ വന്നു എന്നോട് പറഞ്ഞു ഞാന്‍ ഒരു പാട്ട് പഠിച്ചിട്ടുണ്ട് കേള്‍ക്കണോ? "പിന്നേ പാട്ട് കേള്‍ക്കാന്‍ പറ്റിയ മൂഡ്‌. എന്നാലും ഞാന്‍ ആ കൊച്ചിനെ നിരാശപ്പെടുത്തിയില്ല അവന്‍ പാടി... ഒരു സൂപര്‍ ഹിറ്റ്‌ പാട്ട്..  

"ഇളിഭ്യനായി വിഷണനായി ഏകാന്തനായി ഞാന്‍ നിന്നു......" 
.
.
.
.

Monday, September 13, 2010

സംഭവകഥ

മിനിപഞ്ചാബ് പി.ഒ 

"കണ്ടാല്‍ പിന്നെന്താ എടുത്താല്‍?''
"അതെ, കണ്ടീണേല്‍ എട്ക്കാണ്ടിരിക്കാന്‍ ഊര വളയാണ്ടിരിക്കുമൊന്നുമില്ലല്ലോ? ഹല്ല, പിന്നെ''
"നിങ്ങള് രണ്ട്പേരും പറഞ്ഞൊതൊക്കെ ശരിന്ന്യാ. പക്ഷേ, ഇന്ന് തന്നെ അവിടെ കുഴിക്കണം ഇല്ലെങ്കില്‍ 'സംഗതി' മൂപ്പരുടെ ആള്‍ക്കാര് കൊണ്ട് പോകും! ല്ലെടോ?''
"അതെയെതെ''
പൊതുവെ മൌനിയായ നാലമനും ആ അഭിപ്രായത്തെ ശരിവെച്ചു. സ്ഥലത്തെ പ്രധാന ദിവ്യന്മാര്‍ നാലുപേരും പ്രദേശത്തെ വലിയ'ദിവ്യനെ' കണ്ട് മടങ്ങുകയാണ്. മിനിപഞ്ചാബെന്ന -നോര്‍ത്ത് ചേന്ദമംഗല്ലൂരിലെ- കിഴക്ക് ഭാഗം (മിനിപഞ്ചാബിന്റെ സ്ഥലനാമപുരാണം പിന്നീടൊരിക്കലാവാം) കോളജ് കുന്നെന്ന് പറയപ്പെടുന്ന ഇസ്ലാഹിയയുടെ സ്ഥലത്തിന്റെയും ചോലയെന്നറയിപ്പെടുന്ന മുക്കം ഓര്‍ഫനേജിന്റെ സ്ഥലത്തിന്റെയും മേല്‍നോട്ടം മുത്താപ്പുമ്മല്‍ ഉമ്മര്‍കുട്ടികാക്കായിരുന്നു. കുറുക്കന്‍, വെരുക്, മുയല്‍, ഉടുമ്പ്, പാമ്പുകള്‍ തുടങ്ങിയ ജീവികളുടെ വിഹാര കേന്ദ്രമായിരുന്നു ഈ കുന്ന്. അതുകൊണ്ട് തന്നെ ഒറ്റക്ക് ജോലിചെയ്യാന്‍ നാട്ടിലെ ഒട്ടുമിക്ക കൂലിവേലക്കാര്‍ക്കും പേടിയായിരുന്നു. ഇടക്ക് ഒരാള്‍ ചോലയിലെ മാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ചത് പേടി ഇരട്ടിക്കാന്‍ കാരണമായി. നമ്മുടെ കഥാപാത്രങ്ങളില്‍ രണ്ടു ദിവ്യന്മാര്‍ തേങ്ങവലിക്കാനായി കുന്നിന്‍ പുറത്തെത്തിയതാണ്. അവിടെയുളള വലിയ ഈന്തുമരത്തെ നോക്കി ഒന്നാമന്‍:
"ടോ, ഈ ഈന്തിന്റെ ചോട്ടില് നിധിണ്ട്''
"നിധിയോ? കുളൂസ് ബിടല്ലേ'' കളിയാക്കികൊണ്ട് രണ്ടാമന്‍.
ഒന്നാമന്‍ വിട്ടില്ല.
"ജ്ജ് ഏതെങ്കിലും ഈന്തിന് 'മൊട'യുളളതായി കണ്ടിട്ടുണ്ടോ?''
"ഇല്ല''
"അതാ പറഞ്ഞ്യേ, ഇതിന്റെ ചോട്ടില് നിധി ണ്ടെന്ന്.''
രണ്ടാമന് ആവേശമായി, മൊടയുളള ഈന്തിന് ചുവട്ടില്‍ നിധിയുണ്ടാവുമെന്ന തന്റെ അറിവില്ലായ്മ മറച്ചുവെക്കാന്‍ ശ്രമിച്ചുകൊണ്ട് അവന്‍ ചോദിച്ചു
"ഞ്ഞീപ്പോ ന്താ ചെയ്യാ? ജ്ജ് പറ''
തന്നെ അംഗീകരിച്ചതിലെ അഹങ്കാരം ഒന്നാമന്‍ മറച്ചുവെച്ചില്ല ശിരസ്സുയര്‍ത്തി അവന്‍ പറഞ്ഞു
"കുയിച്ചെടുക്കണം.''
പണികഴിഞ്ഞ് കുന്നിറങ്ങുമ്പാള്‍ ഇരുവരുടെയും ഉളളം നിറയെ നിധിയായിരുന്നു.
"അല്ല, ഞമ്മള് പ്പോ എങ്ങനെയാ കുഴിക്കാ, ഞമ്മളോട് ഒറ്റക്ക് കൂട്ട്യാകൂടോ''
"ഇല്ല ഞമ്മക്ക് '................' നെയൂം കൂട്ടാം'' ഒന്നാമന്‍ തന്റെ ചങ്ങാതിയുടെ പേര് പറഞ്ഞു. "ചോലന്റെ അടുത്താണല്ലോ ഓന്റെ പൊര, ന്താ?''
"ശരി, പിന്നെ '................' നെയും കൂട്ടണം അവന്റെയടുത്ത് പിക്കാസും കൈക്കോട്ടും ഉണ്ട്'' തന്റെ ചങ്ങാതിക്കും നിധിയുടെ പങ്ക് കിട്ടിക്കോട്ടെയെന്ന് കരുതി രണ്ടാമന്‍ അവന്റെ കൂട്ടുകാരനെയും നിധിവേട്ടയില്‍ ഉള്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചു.
"ശരി, നാലാളെങ്കിലും ണ്ടെങ്കിലേ ആ ഈന്ത് തളളിയിടാന്‍ കഴിയൂ. വേറെ ആരോടും പറയണ്ടട്ടോ'' - ഒന്നാമന്റെ ശാസന.
വൈകുന്നേരം മിനിപഞ്ചാബിലെ പളളിക്കാളിപീടികയില്‍ വെച്ച് പതിവു സൊറപറച്ചിലില്‍ പങ്കെടുക്കാതെ ബീഡിയും വലിച്ചൂതി അവര്‍ രണ്ട്പേരും ചേന്ദമംഗല്ലൂര്‍ അങ്ങാടിയിലേക്ക് പോയി. പതിവുപോലെ കുറച്ചുനേരം അങ്ങാടിയില്‍ ചുറ്റിപറ്റിനിന്നു. (അതങ്ങനെയാണ് പിറ്റേദിവസത്തെ, പണി ഉറപ്പുവരുത്താന്‍ അങ്ങാടിയില്‍ വൈകുന്നരം എല്ലാ കൂലിപ്പണിക്കാരും എത്തും.) അധികം ആരോടും സംസാരിക്കാതിരിക്കാന്‍, നിര്‍ത്താതെ ബീഡിവലിച്ച രണ്ടുപേരും 'രഹസ്യം' അബദ്ധത്തില്‍പോലും പറയാതിരിക്കാന്‍ അതീവ ശ്രദ്ധക്കാട്ടി. സാധരണ അങ്ങാടി 'പൂട്ടി' വരാറുളള ഇരുവരും നേരത്തെ വീട്ടിലേക്ക് വെച്ചുപിടിച്ചപ്പോള്‍ കൂട്ടുകാരില്‍ ചിലര്‍ക്ക് പന്തികേട് തോന്നാതിരുന്നില്ല, പക്ഷേ, അവരത് കാര്യമാക്കിയില്ല.
പിറ്റേന്ന് രാവിലെ 6 മണി. പളളിക്കാളി പീടികയില്‍ ബഹളം തുടങ്ങിക്കഴിഞ്ഞു. ഇന്നലെ മുറിച്ച മരത്തിന്റെ കാതലിന്റെ പോരിശയും, ക്യൂബിക് കണക്കും മറ്റുമായി ചേക്കുമുഹമ്മദ് കാക്കയും രായിമുകാക്കയും ചൂടന്‍ ചായ കുടിച്ച് ബഡായി പറയുമ്പോള്‍, ഇന്നലെ വലിച്ച ബീഡിയുടെ ആലസ്യത്തില്‍ കഥാനായകന്മാര്‍ തങ്ങളുടെ ചങ്ങാതിമാരെ കാത്തിരിപ്പാണ്. അവരെ രണ്ടുപേരും പണിക്ക് പോകും മുമ്പ് നിധിയുടെ കാര്യം രഹസ്യമായി പറയാന്‍ വേണ്ടി. കൈക്കോട്ടും തോളിലേറ്റി ..............ഉം ................ഉം (ഇവരെ സൌകര്യത്തിനുവേണ്ടി മൂന്നാമനെന്നും നാലാമെനെന്നും വിളിക്കാം) പളളിക്കാളി പീടികയിലെത്തി.
"ഹസ്സന്‍കോയാക്കേ രണ്ട് ചായ; ഒന്ന് മധുരം കൂട്ടി''
പീടികയിലെത്തിയ ഇരുവരെയും ചങ്ങാതിന്മാര്‍ നിധിയെപറ്റി സ്വകാര്യമായി സൂചന നല്‍കി. അത് കേട്ടപാടെ പണിക്ക് പോകാനിറങ്ങിയ രണ്ടുപേരും മിന്നല്‍ പണിമുടക്ക് നടത്തി. ഇന്നത്തെ പണി ക്യാന്‍സല്‍!! പീടകയില്‍ നിന്ന് ഓരോരുത്തരായി വന്ന് ചായകുടിച്ച് ജോലിക്ക് പുറപ്പെടുന്നു ദിവ്യന്മാര്‍ നാലുപേര്‍ മാത്രം ബാക്കി. ഹസ്സന്‍കോയാക്ക തന്റെ ആടിനെ അഴിച്ചുകെട്ടാന്‍ പീടകയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ നാലുപേരും കൂടി പദ്ധതികള്‍ ആസൂത്രണം ചെയ്തു. നിധി രാത്രി കുഴിച്ചെടുക്കാമെന്ന് തീരുമാനിച്ചു.പണിയായുധങ്ങളും അവിലും ചായപ്പൊടിയും പഴവും മറ്റും ചോലയുടെ സമീപത്ത് താമസിക്കുന്ന മൂന്നാമന്റെ വീട്ടില്‍ എത്തിച്ചു. വീട്ടില്‍ വെച്ച നടന്ന ചര്‍ച്ചയില്‍ ആശയും ആശങ്കയും നാലുപേരും പങ്കുവെച്ചു.
"ഹല്ല, നിധിണ്ടോന്ന് ഉറപ്പാക്കാന്‍ ഞമ്മക്ക് കളളന്‍തോട്ടിലെ 'പന്തുകളിത്തങ്ങളെ' ഒന്ന് കണ്ടാലോ, മൂപ്പരോട് ചോയിച്ച് ഉറപ്പാക്കീട്ട് പോരെ, മാന്തല്''- വീട്ടുകാരന്റെ അഭിപ്രായം.
മൂന്നാമന്റെ നിര്‍ദേശം തളളാന്‍ മൂന്നു കമ്മ്യൂണിസ്റുകള്‍ക്കും കഴിഞ്ഞില്ല. അന്ധവിശ്വാസം യുക്തിവാദികളെയാണല്ലോ ആദ്യം കീഴടക്കുന്നത്. പ്രദേശത്തെ എല്ലാ ഫുട്ബാള്‍ മേളകള്‍ക്കും സംഭാവന നല്‍കിയിരുന്ന തങ്ങള്‍, 'പന്തുകളി തങ്ങള്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. തന്റെ ദിവ്യത്തരവും പ്രശസ്തിയും പ്രചരിപ്പിക്കാനുളള തങ്ങളുടെ അടവായിരുന്നു അത്. നാലുപേരും കളളന്‍തോട്ടെത്തി തങ്ങളെ കണ്ടു വിഷയം അവതരിപ്പിച്ചു. സംഗതി കേട്ടപാടെ തങ്ങള്‍ക്ക് ആവേശമായി വെറ്റിലയും കുറച്ച് അറബി മന്ത്രങ്ങളും കൂട്ടി മുറുക്കിത്തുപ്പി തങ്ങള്‍ പ്രസ്താവിച്ചു.
"നിധി ഈന്തിന്റെ ചോട്ടിലുണ്ട്. ങ്ള് അത് കാണും; പക്ഷേ ങ്ങള്‍ക്കത് എടുക്കാന്‍ കയിയൂല''

തങ്ങള്‍ക്ക് 10 രൂപ (അന്നത് വലിയ സംഖ്യയാണിത്) നല്‍കി നാലുപേരും മടങ്ങും വഴിയുളള സംഭാഷമാണ് ഇതുടക്കത്തില്‍ വായിച്ചത്. ഏതായാലും രാത്രിതന്നെ നിധിവേട്ടക്കിറങ്ങാന്‍ തീരുമാനിച്ചുറച്ച് അവര്‍ പിരിയാതെ പിരിഞ്ഞു. മിനിപഞ്ചാബിനെ നേരത്തെ ഉറക്കികിടത്തി പണിയായുധങ്ങളും അവിലും പഴവും കട്ടന്‍ചായുമായി അവര്‍ ചോല കുന്ന് കയറി. ആവേശം കൊണ്ടാവണം വളരെപെട്ടെന്ന് തന്നെ അവര്‍ ലക്ഷ്യസ്ഥാനത്തെത്തി.

ഈന്തിനുചുറ്റുമുളള പൊന്തക്കാടുകള്‍ വെട്ടിമാറ്റി പന്തുകളി തങ്ങളെ മനസ്സില്‍ ധ്യാനിച്ച് അവര്‍ പിക്കാസ് ഭൂമിയില്‍ പതിപ്പിച്ചു. വളരെ പെട്ടെന്ന് തന്നെ കുഴിയെടുത്തു. ഈന്തിനെ നാലുപേരും എളുപ്പത്തില്‍ മറിച്ചിട്ടു. വീണ്ടും കുഴിച്ചു. . കുഴിയോട് കുഴി. ക്ഷീണമറിയാതെ അവര്‍ കുഴിച്ചത,് ഇന്നത്തെത് അവസാത്തെ പണിയാണ് ഇനി പണിയില്ല, ഇനി പളളിക്കാളി പീടികയിലും അങ്ങാടിയിലും ഒന്ന് വിലസാം. ഇന്നത്തെ കുഴിക്കലോടു കൂടി ഞങ്ങളുടെ ദാരിദ്ര്യത്തെ മണ്ണിട്ടുമൂടാം എന്ന വിചാരമാണ് അവരെ അത്യധ്വാനം ചെയ്യിപ്പിച്ചത്. രണ്ട് കോലിലധികം താഴ്ചയായപ്പോള്‍ അല്‍പം നിരാശബാധിച്ചു നിധിയുടെ യാതൊരു സൂചനയുമില്ല, നിരാശ ക്ഷീണത്തിലേക്ക് വഴിമാറി, കട്ടന്‍ ചായയും അവിലും പഴവും തിന്നുന്നതിനിടയില്‍ അവര്‍ നിധി കാണാന്‍ സാധ്യതയില്ലായെന്ന അഭിപ്രായത്തെ കീറിമുറിച്ചുകൊണ്ട് മൂന്നാമന്റെ കമന്റ്: "നിധിണ്ട്, ന്റെ പിക്കാസ് തട്ടുന്ന ഒച്ചങ്ങ്ള് ആരും കേട്ടില്ലേ?''

അത് കേട്ടപ്പോള്‍ ക്ഷീണം മറക്കുന്നു. കുഴിക്കലും മണ്ണ് മാന്തലും തകൃതി. വേറൊരാള്‍ ടോര്‍ച്ചടിച്ച് നാലുപാടും പരതി. 'ശരിക്ക് നോക്കടാ' എന്ന കൂട്ടുകാരുടെ കമന്റും ടോര്‍ച്ച് പിടിച്ചുവാങ്ങലും 'നി ജ്ജ് കുയി, ഞാന്‍ നോക്കാ' തുടങ്ങിയ ചെറിയ തര്‍ക്കങ്ങള്‍ ഇടക്കിടെ നടക്കുന്നുണ്ടായിരുന്നു. താന്‍ തന്നെ നിധി ആദ്യം കാണണം എന്ന് ഓരോരുത്തരും അതിയായി ആഗ്രഹിച്ചിരുന്നു.

പക്ഷേ, നാലു മീറ്ററിലധികം കുഴിച്ചിട്ടും, ടോര്‍ച്ചിന്റെയും ചൂട്ടിന്റെയും വെളിച്ചത്തില്‍ പരതിയിട്ടും നിരാശമാത്രം ബാക്കി. നേരം വെളുക്കാനായി. അവസാനത്തെ 'പരക്കെത്തെരച്ചിലി'ലും നിധി കണ്ടെടുക്കാനായില്ല. പണി മതിയാക്കി നാലുപേരും വിഷണ്ണരായി കുന്നിറങ്ങി.

രാവിലെ റബ്ബറുവെട്ടുകാരനാണ് ആ കുഴികണ്ടത്. റബ്ബര്‍വെട്ട് പെട്ടെന്ന് പൂര്‍ത്തിയാക്കി അയാള്‍ പളളിക്കാളി പീടികയില്‍ വന്നു പറഞ്ഞു. "ചോലേല് ആരോ നിധി കുഴിച്ചെടുത്തു പോയിട്ടുണ്ട്!!''.
കേട്ടവരും കേള്‍ക്കാത്തവരും ചോലയിലേക്ക് ഓടി.
"റബ്ബര്‍വെട്ടുകാരന്‍ പറഞ്ഞത് സത്യം തന്നെ, ആരായാരിക്കും ആ ഭാഗ്യവാന്‍?''.
"അതെ, ഞമ്മളൊക്കെ വ്ടെണ്ടായിട്ടും യേത് .......ന്റെ മോനാ അത് മാന്തി കൊണ്ട് പോയത്?''
ചര്‍ച്ച തുടരുകയാണ്. പളളിക്കാളി പീടികയില്‍ വന്നിരുന്ന് ഓരോരുത്തരും അന്നത്തെ പുട്ടിനെ സ്നേഹപൂര്‍വ്വം തിരസ്കരിച്ച് ചായക്കൊപ്പം കടിയായി നിധിയെ തെരഞ്ഞെടുത്തു. തങ്ങള്‍ക്ക് പറ്റിയ അബദ്ധം അറിയിക്കാതെ, മുഖത്തെ ജാള്യം മറച്ചുപിടിച്ച് നാലു ദിവ്യന്മാരും ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കുന്നു. ചിലര്‍ ആ 'ഭാഗ്യവാനെ'പറ്റി പറയുമ്പോള്‍ നാലുപേരും മുഖത്തോട് മുഖം നോക്കും അപ്പോള്‍ മനസ്സില്‍ സംശയത്തിന്റെ വിത്ത് മുളക്കും.
ഇനി 'പന്തുകളിത്തങ്ങള്‍' എങ്ങാനും എടുത്തുകൊണ്ട് പോയോ ആ നിധി?
(ഇത് www.cmronweb.com പ്രസിദ്ധീകരിച്ചത്- http://www.cmronweb.com/pages/Articles/mahir_treasure.php)

Tuesday, October 13, 2009

peoples' cafe

പീപ്പിള്സ് കഫേ !!!


ഈ പേരില് ഒരു ഹോട്ടല് ചേന്ദമംഗല്ലൂരിലുമുണ്ടായിരുന്നു എന്നറിയുന്ന എത്ര പേരുണ്ട് ഇതു വായിക്കുന്നവരില്. അറുപതുകളില് നാടന് മക്കാനികള് ചായക്കൊപ്പം 'പുട്ടും പഴവും കൂട്ടിക്കുഴച്ച് വിറ്റകാലം.
ആ കാലത്താണ് പുത്തന് രുചിഭേദങ്ങളുമായി 'പീപ്പിള്സ് കഫേ' എന്ന പേരില് കെ.ടി.സി. അബ്ദുറഹീം മാസ്റര് ആരംഭിച്ചത്. പേരുപോലെ പുതിയ ഭക്ഷണ വിഭവങ്ങളായിരുന്നു അവിടെയുണ്ടായിരുന്നത്. നൂല്പുട്ടായിരുന്നു പ്രധാന വിഭവം. പുട്ടില് നിന്ന് നൂല്പുട്ടിലേക്ക് മാറിയപ്പോള് ചേന്ദമംഗല്ലൂര്ക്കാര്ക്ക് സംഗതി പിടിച്ചില്ല. അവരെന്തോ മീന്പിടിക്കാനുളള 'ഇര' മാതിരിയുണ്ടെന്ന് പറഞ്ഞ് നൂല്പുട്ടിനെ കൈയ്യൊഴിഞ്ഞു. കൈയ്യൊഴിവ് പോലെ അവരുടെ കീശയും ഒഴിവായിരുന്നു.

റഹീം മാസ്റര് പുതിയ നമ്പര് ഇറക്കി 'ബിരിയാണി' ഇവിടെ കിട്ടും. ബിരിയാണി നല്ല രസമാണെന്ന് തിന്നവരോ അല്ലെങ്കില് അളിയന് തിന്നിട്ട് രസമുണ്ടെന്ന് പറഞ്ഞത് കേട്ടറിവോ ഉളള നാട്ടുകാരില് പലര്ക്കും കൊതിയായി. അന്ന് നല്ല ജനപ്രവാഹമായിരുന്നു 'പീപ്പിള്സ് കഫേയിലേക്ക്' കച്ചവടം പൊടിപൊടിച്ചു. എല്ലാവരും ബിരിയാണി കഴിച്ചു ഏമ്പക്കവും വിട്ട് 'കാശ് പിന്നെ തെരാട്ടോ' എന്നു പറഞ്ഞ് ഇറങ്ങി.
ദിവസങ്ങള് കഴിഞ്ഞിട്ടും 'തെര' പൊട്ടാത്തതിനാല് റഹീം മാസ്റര് പറ്റു പുസ്തകം കക്ഷത്തിലാക്കി ഹോട്ടലും പൂട്ടി പോയി. അറുപതുകളില് 'മക്കാനി'യെന്ന് മാത്രം വിളിച്ചുപോരുന്ന ഹോട്ടലിന് ഇംഗ്ളീഷ് പേരും പുതിയ രുചികളും സംഭാവന ചെയ്ത ഹോട്ടല് പൂട്ടാന് എന്തായിരിക്കും കാരണം?. ഉത്തരം ലളിതം നാട്ടുകാര് അവരനുഭവിച്ചു പോന്ന രുചികളില് നിന്നും ഒരുപാട് അന്തരം അതിനുണ്ടായിരുന്നു. നടാടെയാണ് അവര് നൂല്പുട്ട് കഴിച്ചിരുന്നത്. അവര്ക്ക് ദഹിച്ചിട്ടില്ല എന്നുപറയാന് പറ്റില്ല. എന്തു തിന്നാലും ദഹിക്കും; അത്രക്ക് ദാരിദ്യ്രമുണ്ടായിരുന്നു അന്ന് നാട്ടില്.
ഏത് ഹോട്ടലും വിജയിക്കണമെങ്കില് പൈസ കൊടുത്ത് ഭക്ഷിക്കാന് ആളുവേണം. ഭക്ഷണം മുന്തിയതാവുമ്പോള് പൈസയും കൂടുമല്ലോ. ഇന്നതല്ലല്ലോ സ്ഥിതി; ഗള്ഫ് ജീവിതവും പണവും പുതിയ വിഭവങ്ങളെ സ്വീകരിക്കാന് നാട്ടുകാരെ പ്രേരിപ്പിച്ചു. ചൈനീസ് - കോണ്ണ്ടിനെന്റല് വിഭവങ്ങളും, ഖുബ്ബൂസും, ഷവായയും, ഷവര്മയും, നരകത്തിലെ കോഴിയും, തന്തൂരിയും അവര്ക്ക് പഥ്യം. സമീപ പ്രദേശത്തോ ടൌണിലോ പുതിയ റസ്റോറന്റുകളും ഹോട്ടലുകളും തുറന്നാല് ചേന്ദമംഗല്ലൂരിലെ യുവാക്കള് അവിടെയെത്തി ഭക്ഷണം കഴിക്കും. കുഴപ്പമില്ല അല്ലെങ്കില് പോര എന്നിങ്ങനെ മാര്ക്കിടും. 'കുഴപ്പമില്ല' എന്ന മാര്ക്ക് ലഭിച്ച ഹോട്ടലുകള് നിലനില്ക്കുന്നു. 'പോര' എന്ന മാര്ക്ക് കിട്ടിയാല് പിന്നെ എത്ര എസ്.എം.സ് ലഭിച്ചിട്ടും കാര്യമില്ല ആ ഹോട്ടല് പൂട്ടുമെന്നത് സമീപകാല അനുഭവങ്ങള് സാക്ഷി.
കാരണം ചേന്ദമംഗല്ലൂര്ക്കാരുടെ മാര്ക്കിന് റിയാലിറ്റിഷോയിലെ 'സംഗതി ശരതിന്റെ' മാര്ക്കിന്റെ വിലയാണ്.


Thursday, August 20, 2009

ചെറുതെങ്കിലും ആശ്വാസകരം ഈ ഇടപെടല്‍


2009 ആഗസ്റ് 18 ന് മുക്കം ഗ്രാമപഞ്ചായത്തിലെ നോര്‍ത്ത് ചേന്ദമംഗല്ലൂരിലെ റോഡിലെ മരങ്ങള്‍ ലേലം ചെയ്യുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ 10 മണിക്ക് സ്ഥലത്തെത്തുകയും 700 രൂപ കെട്ടിവെക്കുകയും വേണം. പഞ്ചായത്തിന്റെ അറിയിപ്പാണിത്. കോഴിക്കോട് ജില്ലയിലെ മുക്കം പഞ്ചായത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ഒന്നാണ് എന്റെ ഗ്രാമമായ ചേന്ദമംഗല്ലൂര്‍. മുക്കത്തുനിന്നും ചേന്ദമംഗല്ലൂരിലേക്കുളള 4 കിലോമീറ്റര്‍ വരുന്ന റോഡില്‍ നോര്‍ത്ത് ചേന്ദമംഗല്ലൂരില്‍ റോഡ് ഉയര്‍ത്തലും കലുങ്ക് നിര്‍മ്മാണവും 2 വര്‍ഷം മുമ്പ് നടന്നു. പതിവുപോലെ പിന്നീട് യാതൊരു തിരിഞ്ഞുനോട്ടവും ഉണ്ടായില്ല. പദ്ധതി ചുവപ്പുനാടയില്‍ റോഡ് കുളമായി. വെറും കുളമല്ല ഒന്ന് ഒന്നരകുളങ്ങള്‍. അപകടങ്ങള്‍ തുടര്‍ക്കഥ. ഗര്‍ഭിണികള്‍ ഇറങ്ങിനടക്കുന്നു. രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ യാത്രചെയ്യുന്ന റോഡ്. അധികൃതരുമായി സന്നദ്ധസംഘടന (സോളിഡാരിറ്റി പ്രവര്‍ത്തകര്‍) ബന്ധപ്പെട്ടു. റോഡ് സൈഡിലെ മരം മുറിക്കണം. പിന്നീട് അതിനുപിന്നാലെയായി അവര്‍.പലപ്പോഴായി ലേലം മാറ്റിവെച്ചു. അങ്ങനെ ആ സുദിനം വന്നെത്തി. മരം മുറിച്ചാലല്ലേ റോഡ് പണി നടക്കു. 18 ന് കാലത്ത് സ്ഥലത്തെ പ്രധാനപയ്യന്‍സ് എത്തി. 700 രൂപ കൊടുത്ത് പലരും ലേലത്തില്‍ പങ്കെടുത്തു. പിന്നെ ഒരു ഒത്തുകളിയാണ്. ആ കളിയാണ് സോളിഡാരിറ്റി പൊളിച്ചത്. മരം ലേലക്കാര്‍ പറഞ്ഞു നിങ്ങള്‍ വിളിച്ചെടുക്കുന്നത് എന്തിന്? ഞങ്ങള്‍ ഒത്തുവിളിക്കും അതില്‍ ചേര്‍ന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വിഹിതം തരാം. 28,000 രൂപ വിലയിട്ട മരങ്ങള്‍ക്ക് ആരും മുന്നോട്ട് വരാതെ പിന്നോട്ടടിച്ചപ്പോള്‍ പിന്നോട്ടടിച്ചതല്ല അതില്‍ ചിലതുണ്ടെന്ന് വേറെക്കാര്യം. സോളിഡാരിറ്റി ധീരമായി മരങ്ങള്‍ ലേലത്തില്‍ വിളിച്ചെടുത്തു. എന്നിട്ട് പ്രഖ്യാപിച്ചു. ഞങ്ങള്‍ക്ക് മരം ആവശ്യമുണ്ടായിട്ട് വിളിച്ചതല്ല, ഈ റോഡ് ഇനിയും മോക്ഷം ലഭിക്കാതെ ഇങ്ങനെ കിടക്കരുത്. ഉടന്‍ നിര്‍മ്മാണം ആരംഭിക്കാന്‍ വേണ്ടി ഞങ്ങള്‍ ഇടപെടുന്നു. മരം മാഫിയക്കാരുടെ നീക്കം പൊട്ടിപാളീസായി. പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ സോളിഡാരിറ്റിയെ അനുമോദിച്ചു. മരങ്ങള്‍ക്ക് സര്‍ക്കാരിട്ട വിലയില്‍ കുറച്ചധികം വിളിച്ചെടുത്തത് നടപടികള്‍ പെട്ടെന്ന് പൂര്‍ത്തയാക്കാനും സര്‍ക്കാരിന് നഷ്ടമില്ലാതാവാനും കാരണമാവുമെന്ന് പ്രത്യാശിക്കുന്നു. സോളിഡാരിറ്റിക്ക് വിപ്ളവാഭിവാദ്യങ്ങള്‍.

Monday, July 27, 2009

കൊങ്ങം ബെളളം

തലക്കെട്ടു കണ്ട് ഞെട്ടണ്ട, കൊങ്ങം ബെളളം എന്നാല്‍ വെളളപ്പൊക്കം എന്നത്രെ. ഞങ്ങളുടെ നാട്ടിലെ നാടന്‍ ഭാഷാശൈലിയാണ് കൊങ്ങംബെളളം എന്ന്. ഇത് എങ്ങിനെ വന്നു എപ്പോള്‍ വന്നു എന്നൊക്കെയറിയാന്‍ ഭാഷാ പണ്ഠിതരെ സമീപിക്കുമല്ലോ. മഴക്കാലങ്ങളില്‍ തുടര്‍ച്ചയായി മൂന്നാലു ദിവസം മഴപെയ്താല്‍ ചേന്ദമംഗല്ലൂരെന്ന കൊച്ചു ഗ്രാമം വെളളത്തിനടിയിലാവും. ചേന്ദമംഗല്ലൂര്‍ അങ്ങാടിക്കടുത്തുളള പുല്‍പറന്പ് എന്ന പ്രദേശം ഇരുവഴിഞ്ഞിപ്പുഴയുടെ വിതാനത്തിന് താഴെയാണ് സ്ഥിതിചെയ്യുന്നത്. ഇടക്കിടെ വെളളം കയറുന്ന ഈ പ്രദേശത്ത് യാത്രാദുരിതം കീറാമുട്ടിയായതിനാല്‍ ഏറെനാളത്തെ മുറവിളിക്കുശേഷം ഇത്തവണ റോഡ് അല്‍പം ഉയര്‍ത്തി. പക്ഷേ, കൊങ്ങംബെളളം റോഡിനേക്കാളും ഉയര്‍ന്നു. അതങ്ങനെയാണ് ഇതിനുമുന്പും റോഡ് ഉയര്‍ത്തിയപ്പോഴും വെളളം അതിനനുസരിച്ച് ഉയരാറുണ്ട്. യാത്രാക്ളേശവും അല്ലറചില്ലറ ബുദ്ധിമുട്ടുണ്ടാവുമെങ്കിലും നാട്ടുകാര്‍ ആരും കൊങ്ങംബെളളത്തെ ശപിക്കാറില്ല.
കൂടുതല്‍ കൊങ്ങംബെളള വിശേഷങ്ങളുമായി വീണ്ടും കാണാം.... കാണണം.